സന്ദര്‍ഭം : വളരെ നാളുകള്‍ക്കു ശേഷം ഇന്ന് ഒരു കൂട്ടുകാരിയുടെ വിവാഹം കൂടാന്‍ ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി..എന്തോ, വല്ലാതെ സന്തോഷം തോന്നിയ ദിവസം ആയിരുന്നു ഇന്ന് ..ചെറുപ്പമായിരുന്നെങ്ങില്‍ എന്ന് തോന്നിപ്പോയി...ഇനിയും ഇതുപോലെ ഒരു ഒത്തുചേരല്‍ എന്നാവും ???? വെറുതെ ഗതകാല സ്മരണകളിലൂടെ യാത്ര ചെയ്യുമ്പോള്‍ എഴുതിയതാണ് ഇന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്.. For all my friends.....
കുറച്ചു നാളുകള്‍ പുറകിലോട്ടു സഞ്ചരിക്കാന്‍ മനസ്സ് പറഞ്ഞു. ഇന്ന് ഞാന്‍ അങ്ങനെ പുറകോട്ടു നടന്നു. മനസ്സിനുള്ളിലെ ചില്ല് കൂട്ടിലെ ക്ലാവ് പിടിച്ച ഓര്‍മ്മകള്‍ക്ക് ചിറകു മുളച്ച ദിവസം. അവ സ്വയം ആ ചില്ല് കൂട് പൊട്ടിച്ചു പുറത്തു കടന്നു. അങ്ങനെ സ്വയവിഹാരം ചെയ്യുകയാണിപ്പോള്‍ ..
ഇപ്പോള്‍ ഞാന്‍ എത്രയോ ദൂരം യാത്ര ചെയ്തു കഴിഞ്ഞു. ആറു നിമിഷം കൊണ്ട് ഞാന്‍ എത്തിചേര്നിരിക്കുന്നത് ആറു വര്‍ഷങ്ങള്‍ക്കുമപ്പുറം . ഒരുകൂട്ടം ചിരിക്കുട്ടികളുടെ നടുവിലേക്ക്..ഒരു കൂട്ടം സന്തോഷങ്ങളുടെ നടുവിലേക്ക്. ഇപ്പോള്‍ അന്യമായ , അപ്പോള്‍ സുലഭമായിരുന്ന അമൂല്യനിമിഷങ്ങളുടെ സാക്ഷിയാണ്പ്പോള് ഞാന്‍..
ഓരോ ചിരിക്കുട്ടികളും ചിരിക്കുവാന്‍ തുടങ്ങി. കുശലം അന്വേഷിക്കാന്‍ തുടങ്ങി. അവരിലൊരാള്‍ എന്നെ ആ വലിയ മലയുടെ മുകളിലേക്ക് കൂട്ടികൊണ്ടുപോയി. അതിന്റെ ചുട്ടു പൊള്ളുന്ന പ്രതലത്തില്‍ എന്റെ കാലുകള്‍ എരിഞ്ഞു പൊള്ളിയെങ്ങിലും അതൊന്നും അനുഭവിക്കാന്‍ എനിക്ക് നേരമുണ്ടായിരുന്നില്ല, ഞാന്‍ ആഹ്ലാദിക്കുകയായിരുന്നു ആനന്ദിക്കുകയായിരുന്നു. ദൂരെക്കണ്ട മഴവില്ല് അതിന്റെ ഏഴു നിറങ്ങളും എന്റെ നേര്‍ക്ക് വീശിയെറിഞ്ഞതുപോലെ തോന്നി. ചിരിക്കുട്ടികളുടെ സുഹൃത്താണ്ത്രേ മഴവില്ല്..!!! മലയുടെ താഴേക്കു പത്തടി ഇറങ്ങി നടന്നാല്‍ പച്ചപ്പുല്ലിനെ അലങ്കരിച്ചുകൊണ്ട് കാറ്റില്‍ നൃത്തമാടുന്ന മഞ്ഞപ്പൂക്കളെയും വയലറ്റ് പൂക്കളെയും കാണാം. അവയ്ക്ക് മണം ഇല്ല. പക്ഷെ, എന്തൊരു സൌന്ദര്യം!!!രാവിലെ വീണ മഞുതുള്ളികള്‍ ആവിയായിതീര്‍നില്ല. കുഞ്ഞിക്കിളികള്‍ കരിയിലകള്‍ക്കിടയില്‍ ഒളിച്ചുകളിക്കുന്നു. "കിലും കിലും" എന്നുള്ള ശബ്ദം കേട്ട് അത് തിരിച്ചറിയാനായി ഞാന്‍ ചുറ്റും നോക്കി..മലയുടെ രണ്ടു വശവും തഴുകിയൊഴുകുന്ന തെളിമയാര്‍ന്ന അരുവി..എന്തൊരു ഭംഗി..അതിന്റെ ജല മണികളുടെ പ്രകാശം വജ്രത്തെ വെല്ലും. ദൂരെ കാണുന്ന കാടിന്നുള്ളിലേക്ക് ഞാന്‍ കൌതുകത്തോടെ നടന്നു പോയപ്പോള്‍, രക്ഷാകവചം പോലെ വളഞ്ഞു നിന്ന് ചിരിക്കുട്ടികള്‍ നൃത്തമാടി..
ആടിയും പാടിയും കഥകള്‍ പറഞ്ഞും നേരം വൈകി..പിന്നീട് ഒരു വന്‍ കാറ്റ് വീശി..മരങ്ങള്‍ ഇളകിയാടി. കിളികള്‍ കൂടുചേര്ന്നു. മഴവില്ല് മാഞ്ഞു. പൂക്കളെയും പുല്ലുകളേയും കാണാതായി. അരുവികള്‍ മിണ്ടാതായി. ചിരിക്കുട്ടികളും ഓരോന്നായി യാത്ര പറഞ്ഞു മറഞ്ഞു.- ഇനിയും കാണാം എന്ന വാഗ്ദാനവുമായി.
എനിക്ക് നിശ്ചയിച്ച സമയം കഴിഞ്ഞു. ഇനി ഓര്‍മ്മകളെ തിരിച്ചു വിളിക്കാന്‍ സമയമായി. ഇനിയുമൊരു നാളത്തെ സന്തോഷത്തിനായി ഒത്തുചേരലിനായി ഓര്‍മ്മകള്‍ക്ക് ചിറകു ചുരുട്ടിയെ മതിയാവൂ. അവയെ കൂട്ടിലാക്കണം. വീണ്ടും ക്ലാവ് പിടിച്ചു മറവിയുടെ മാറാല മൂടുന്നതിനു മുന്‍പ് ഇനിയും ചിരിക്കുട്ടികള്‍ അവയെ കൂട്ടിക്കൊണ്ടു പോകാന്‍ വന്നെങ്ങില്‍.....
NB: ഇങ്ങനെ ആപത്തുക്കളില് സഹായിക്കുന്ന, സ്നേഹം പങ്കിടുന്ന, ദുഃഖം പങ്കിടുന്ന, ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹാശംസകള് നേരുന്നു!!!!!